Tuesday, January 20, 2009

ഗൂഗിള്‍ സേവനങ്ങളും നിര്‍ത്തലാക്കുന്നു

നൂറോളം റിക്രൂട്ടര്‍മാരെ പിരിച്ചു വിടാനും മൂന്ന് എഞ്ചിനീയറിംഗ് ഓഫീസുകള്‍ അടച്ചു പൂട്ടാനും തീരുമാനിച്ചതിന് പുറമേ ജനപ്രിയമല്ലാത്ത ഏതാനും സേവനങ്ങള്‍ കൂടി നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി തങ്ങളെ അങ്ങേയറ്റം ബാധിച്ചെന്ന് വെളിവാക്കുന്നതാണ് ഏറ്റവും വലിയ തിരയല്‍ സോഫ്റ്റ്വെയര്‍ കമ്പനിയുടെ പുതിയ തീരുമാനങ്ങള്‍.ഡോഡ്ജ്ബോള്‍, ഗൂഗിള്‍ കാറ്റലോഗ് സേര്‍ച്ച്, ഗൂഗിള്‍ മാഷപ് എഡിറ്റര്‍, ഗൂഗിള്‍ നോട്ട്‌ബുക്ക്, ജെയ്ക്കു തുടങ്ങിയ സേവനങ്ങളാണ് ഗൂഗിള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്. കൂടുതല്‍ ജനപ്രിയമായ പ്രോഡക്ടുകള്‍ വികസിപ്പിച്ചെടുക്കാനായാണ് ഇവ നിര്‍ത്തലാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഡോഡ്ജ് ബോള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി നിര്‍ത്തലാക്കുകയാണെന്ന് ഗൂഗിള്‍ എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് വിക് ഗുണ്‍‌ടോത്ര പറഞ്ഞു. ഗൂഗിളിന്‍റെ മൊബൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമാണ് ഡോഡ്ജ് ബോള്‍ ഡോട്ട് കോം. മാഷപ് എഡിറ്റര്‍ ആറുമാസത്തിനുള്ളില്‍ നിര്‍ത്തലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ഗൂഗിള്‍ വീഡിയോയിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നിര്‍ത്തലാക്കിയേക്കും. അതേസമയം നിലവില്‍ ഗൂഗിള്‍ വീഡിയോയിലുള്ള ഒന്നും നഷ്ടപ്പെടില്ലെന്നും കമ്പനി അറിയിച്ചു.

No comments:

Post a Comment